
കൊച്ചി: 2013-ലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിയ വിചാരണക്കോടതി ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. വകുപ്പുതല (ഡിപ്പാർട്ട്‌മെൻ്റൽ) നടപടികളിൽ കുറ്റവിമുക്തനാക്കപ്പെട്ടു എന്നത് കൊണ്ട് മാത്രം ഒരു ക്രിമിനൽ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കൊച്ചി വിമാനത്താവളം വഴി അനധികൃതമായി 56 കിലോയോളം സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ടാണിത്. ഇതിലൂടെ സർക്കാരിന് 1.83 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായെന്നാണ് കേസ്.
വകുപ്പുതല അന്വേഷണവും ക്രിമിനൽ വിചാരണയും തികച്ചും വ്യത്യസ്തമായ രണ്ട് മേഖലകളിലായാണ് പ്രവർത്തിക്കുന്നത്. വകുപ്പുതല കുറ്റങ്ങൾ 'സാധ്യതകളുടെ അടിസ്ഥാനത്തിലാണ്' (Preponderance of probabilities) തീർപ്പുകൽപ്പിക്കപ്പെടുന്നതെങ്കിൽ, ക്രിമിനൽ കുറ്റം വിചാരണവേളയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ 'സംശയങ്ങൾക്ക് അതീതമായി' (Beyond reasonable doubt) തെളിയിക്കേണ്ടതുണ്ട്.
കേസിൽ ഉൾപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ വാദങ്ങൾ തള്ളിക്കൊണ്ട്, സ്വർണ്ണക്കടത്ത് കേസിലെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി അനുമതി നൽകി.











